ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
10-ാം നൂറ്റാണ്ടില്‍ കൊല്ലിനും കൊലയ്ക്കും അധികാരം ഉണ്ടായിരുന്ന മഞ്ഞള്ളൂര്‍ കര്‍ത്താക്കള്‍ എന്ന ഇടപ്രഭുക്കന്മാരുടെ ചരിത്രം മുതല്‍ മഞ്ഞള്ളൂര്‍ എന്ന സ്ഥലം പുറംലോകം അറിയപ്പെടാന്‍ തുടങ്ങി. ഏനാനല്ലൂര്‍, കുഴിച്ചിട്ടകല്ലുഭാഗം മുതല്‍ ഗണപതിക്കുന്ന്, മണിയന്ത്രം, കുമാരമംഗലം വരെ ഇവരുടെ അധികാരസീമയില്‍പെട്ടിരുന്നു. കോയിക്കല്‍ കൊട്ടാരം, നീര്‍ക്കോലി പാറയ്ക്കപ്പുറം ആലങ്കുമാരിയ്ക്ക് പടിഞ്ഞാറും, കച്ചേരി കുമാരമംഗലത്തും സ്ഥിതി ചെയ്യുന്നു. കുമാരമംഗലം പകുതിയില്‍ ഉള്‍പ്പെട്ടതായിരുന്നു മഞ്ഞള്ളൂര്‍. ചിറമലത്തില്‍ ജന്മിമാര്‍ക്ക് സ്നാനാദി കര്‍മ്മങ്ങള്‍ക്ക് നിര്‍മ്മിച്ചതായിരുന്നു വാഴക്കുളം. തിരുവിതാംകൂര്‍ രാജ്യഭരണമായപ്പോള്‍ അന്ന് ദളവ ഈ പ്രദേശത്തിന്റെ ചുമതലക്കാരനായി മാറി. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ബന്ധമുണ്ടായതോടെ ദളവ ദിവാന്‍ എന്നായി മാറി. ദിവാനു താഴെ നാട്ടുപ്രമാണിമാരായിരുന്നു ഭരണ ശൃംഖലയില്‍. ഭരണ ശൃംഖലയിലെ പ്രധാന വ്യക്തിയായ കാര്യക്കാരനെ മഹാരാജാവ് നേരിട്ട് നിയമിച്ചു പോന്നു. ദിവാന്‍ കേണല്‍ മണ്‍ട്രോക്കുശേഷം തഹസീല്‍ ദാര്‍ എന്ന പേര് ഉദ്യോഗസ്ഥനു വന്നു. തഹസീല്‍ദാര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിയാര്‍ കച്ചേരിയില്‍ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ഭരണം നടത്തിപോന്നു. കേരളപ്പിറവിക്കുശേഷം ഈ പ്രവര്‍ത്തിയാര്‍മാര്‍ വില്ലേജ് ഓഫീസര്‍മാരായി. ഇന്നാട്ടിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ എന്‍.എം.വറുഗീസ് നമ്പ്യാപറമ്പില്‍, ലൂക്കാച്ചന്‍ തുടങ്ങിയവരാണ്. 1948-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.എം.വറുഗീസും 1957-ല്‍ സ്രി.എ.മാത്യു ചൂരാപ്പുഴയും ഈ പഞ്ചായത്തില്‍ നിന്നു നിയമസഭയെ പ്രതിനിധാനം ചെയ്ത് തെരെഞ്ഞടുക്കപ്പെട്ടു. 1869-ല്‍ ബ്രിട്ടീഷ് റസിഡന്റ് വാഴക്കുളത്ത് ചന്ത സ്ഥാപിക്കാനും, മൂവാറ്റുപുഴ, തൊടുപുഴ റോഡ് നിര്‍മ്മിക്കാനും അനുവാദം തരികയും 1897 മാര്‍ച്ച് 2 ന് തൊടുപുഴ തഹസില്‍ദാര്‍ വാഴക്കുളം ചന്ത ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുമുണ്ടായി. എല്ലാ സമുദായക്കാരും ഒത്തുകൂടുന്ന സ്ഥലമാണ് വാഴക്കുളം. 1945-നു ശേഷം വാഴക്കുളം മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത് പൈനാപ്പിളാണ്. 1913-ല്‍ മോണ്‍.സലേസ്കി കൊമേന്ത സന്ദര്‍ശിച്ചപ്പോഴാണ് ആദ്യമായി വാഴക്കുളത്ത് മോട്ടോര്‍കാര്‍ പ്രത്യക്ഷപ്പെട്ടത്. 1924-ല്‍ ഇവിടെ ബസ് ആദ്യമായി വന്നു. 1949-ല്‍ വൈദ്യുതി വിളക്കും റേഡിയോയും നിലവില്‍ വന്നു. 1956-ല്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു. 1959-ല്‍ വാഴക്കുളത്ത് ഒരാശുപത്രി സ്ഥാപിച്ചു. അതാണ് ഇപ്പോഴത്തെ വാഴക്കുളം സെന്റ് ജോര്‍ജ്ജ് ആശുപത്രി. 18.08.1972-ല്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടു. മഹത്തായ മതസഹിഷ്ണുതയുടെ നിദര്‍ശനമായി ഒരു മുസ്ളീം ദേവാലയവും ഈ പഞ്ചായത്തിലുണ്ട്. എല്ലാ മതങ്ങളേയും സംസ്ക്കാരത്തേയും ആചാരങ്ങളേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനസഞ്ചയമാണ് മഞ്ഞള്ളൂര്‍ പഞ്ചായത്തിലേത്. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 40% ഉള്‍ക്കൊള്ളുന്ന കുന്നില്‍ നല്ലൊരു ഭാഗം പാറകളാണ് ബാക്കി കുന്നിന്‍ പ്രദേശങ്ങളില്‍ റബ്ബര്‍, പൈനാപ്പിള്‍, തെങ്ങ് ഇവ കൃഷി ചെയ്യുന്നു. 1860-ലാണ് വാഴക്കുളത്ത് ആദ്യമായി ഇസ്കോള (സ്കൂള്‍) ആരംഭിച്ചത്. 1891-ല്‍ സെന്റ് ജോസഫ് ഇംഗ്ളീഷ് പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. 1938-ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. ടി സ്കൂളാണ് ഇന്നത്തെ ഇന്‍ഫന്റ് ജീസ്സസ് ഹൈസ്കൂള്‍. ഇതിന്റെ സ്ഥാപനത്തിനായി അന്ന് വികാരിയായിരുന്ന ജോര്‍ജ് കോലഞ്ചരിയച്ഛന്‍ നടത്തിയ പരിശ്രമങ്ങള്‍ സ്മരിക്കപ്പെടേണ്ടവയാണ്. 1926-ലാണ് വാഴക്കുളത്ത് പെണ്‍കുട്ടികള്‍ക്കായി ഒരു പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. ഈ സ്കൂള്‍ 1950-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍ വാഴക്കുളം. സമുദായിക, സാമൂഹ്യ, രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍ നേത്യസ്ഥാനത്തെത്തിയ പലരും വാഴക്കുളത്തു നിന്നു വിദ്യ അഭ്യസിച്ചവരാണ്. കോതമംഗലം രൂപതയിലെ പ്രഥമ മെത്രാന്‍മാര്‍ മാത്യു പോത്തനാമൂഴി, മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, മാര്‍ തോമസ് തിരുനാളില്‍, കേരള ഗതാഗതവകുപ്പു മന്ത്രിയായിരുന്ന കെ.എം.ജോര്‍ജ്ജ്, എം.എല്‍.എ.മാരായിരുന്ന പി.എം.വറുഗീസ്, എ.സി.ചാക്കോ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിന്റെ കിഴക്കുഭാഗത്തായി 23.02 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു സ്ഥിതിചെയ്യുന്ന മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഈ പഞ്ചായത്തിലെ മുഖ്യഗതാഗതമാര്‍ഗ്ഗം റോഡു ഗതാഗതമാണ.് തൊടുപുഴ-മൂവറ്റുപുഴ ആറ് ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയെ തഴുകി തലോടിപോകുന്നു. പ്രാചീന നാടന്‍ കലാരൂപങ്ങളായ പരിചമുട്ടുകളി, കാളകളി, കോലടികളി മുതലായ ഇന്നും ഇവിടെ അതിന്റെ വ്യക്തിത്വം നിലനിറുത്തി തുടര്‍ന്നു പോരുന്നു. മൂന്ന് ഹൈസ്ക്കൂളുകളും ഒന്‍പത് പ്രൈമറി സ്ക്കൂളുകളും മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലുണ്ട്. ഈ സരസ്വതീക്ഷേത്രങ്ങളിലെല്ലാം ആണ്ടുതോറും സ്കൂള്‍ വാര്‍ഷികങ്ങള്‍ ക്രമമായി നടത്തുന്നു.